ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലി രണ്ടാംഭാഗം തലസ്ഥാനത്തും റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നു. ഇരുപത്തിയഞ്ചു ദിവസം പിന്നിട്ട ചിത്രം, നഗരത്തിൽ നിന്നു മാത്രം 2 കോടി വാരിക്കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രവും ബാഹുബലിയാണ്.
ഇത് ദേശീയ റെക്കോർഡ് ആണെന്നും അഞ്ചുകോടി ചിത്രം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏരീസ് ഉടമ സോഹൻ റോയ് പറഞ്ഞു.
റിലീസ് ചെയ്തു 25 നാളിലേക്ക് എത്തുമ്പോഴും ആറു തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണു പ്രദർശനം തുടരുന്നത്. അതിനിടയിൽ, ജില്ലയിൽ അതിവേഗത്തിൽ ഒരു കോടി നേടുന്ന ചിത്രമെന്ന റെക്കോർഡും ബാഹുബലി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.നഗരത്തിലെ മൾട്ടിപ്ളക്സായ ഏരീസ് പ്ളക്സ് സിനിമാസിൽ നിന്നു മാത്രം പത്തുദിവസം കൊണ്ട് ഒരു കോടി രൂപ സ്വന്തമാക്കിയാണു ബാഹുബലി ഇതുവരെ തലസ്ഥാനത്തു നിന്നു വേഗതയിൽ ഒരുകോടി നേടിയ ചിത്രങ്ങളെ മുഴുവൻ ബഹുദൂരം പിന്നിലാക്കിയത്.
നേരത്തേ, വേഗത്തിൽ ഒരുകോടി നേടിയ ചിത്രങ്ങളിൽ ബാഹുബലി ഒന്നും പുലിമുരുകനുമാണ് ഉണ്ടായിരുന്നത്. ഇതിൽ, ബാഹുബലി ഒന്ന് 23 ദിവസവും പുലിമുരുകൻ 25ൽ അധികം ദിവസവും കൊണ്ടാണ് ഏരീസിൽ നിന്ന് ഒരു കോടിയെന്ന അദ്ഭുത സംഖ്യ പിന്നിട്ടത്.
ഓഡി ഒന്ന്, ആറ് എന്നീ സ്ക്രീനുകളിലാണു ചിത്രം പ്രദർശിപ്പിക്കുന്നത്. രാവിലെ ഏഴിനു തുടങ്ങുന്ന പ്രദർശനങ്ങൾ അവസാനിക്കുന്നതു രാത്രി 11നു നടക്കുന്ന ഷോയോടെയാണ്. പ്രത്യേക ഫോർ കെ ഷോയും ബാഹുബലിയുടേതായി ഉണ്ട്.
Credits: Mathrubhoomi